112 കൊറോണ ബാധിത മൃതദേഹങ്ങൾ സംസ്കരിച്ചു; ശ്മശാന സൂപ്പർവൈസർക്ക് പിപിഇ കിറ്റും ഇൻഷുറൻസുമില്ല

ന്യൂഡൽഹി: നിരന്തരം കൊറോണ വൈറസുമായി പോരാടുന്ന തനിക്ക് ആവശ്യമായ പിപിഇ കിറ്റുകളോ ആരോഗ്യ ഇൻഷുറൻസോ ലഭിക്കുന്നില്ലെന്ന് ഡൽഹി ഐടിഒയിലെ ശ്മശാനത്തിലെ സൂപ്പർവൈസറായ മുഹമ്മദ് ഷമീം പറയുന്നു.

112 കൊറോണ ബാധിതരുടെ മൃതദേഹങ്ങളും കൊറോണ ബാധിച്ചതായി സംശയിക്കുന്നവരുടെ മൃതദേഹങ്ങളും സംസ്കരിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ തനിക്ക് ഇതുവരെ 4-5 പിപിഇ കിറ്റുകൾ മാത്രമാണ് നൽകിയിരിക്കുന്നതെന്ന് ഷമീം പറയുന്നത്. ‘ഡൽഹിയിലെ പോലീസുകാർക്കും , ഡോക്ടർമാർക്കും തൂപ്പുകാർക്കും ആരോഗ്യ ഇൻഷുറൻസ് ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് ഇതുവരെ ഇൻഷുറൻസ് ലഭിച്ചിട്ടില്ലെന്നും ഷമീം ആരോപിച്ചു.
എന്നാൽ ഷമീം ഇക്കാര്യം തങ്ങളെ ഇതുവരെ അറിയിച്ചില്ലെന്നാണ് ശ്മശാന മാനേജിങ് കമ്മിറ്റി അംഗമായ മുഹമ്മദ് ഫയാസ് പറയുന്നത്.

എല്ലാ ദിവസവും ശ്മശാനത്തിൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. എന്റെ വീട്ടിലേക്ക് പോലും പോകുന്നില്ല. ഇവിടെത്തന്നെയാണ് കിടന്നുറങ്ങുന്നത്. ഇവിടേക്ക് വരാൻ മറ്റാരും കൂട്ടാക്കുന്നില്ല. സമിതിയോടും ഞാൻ സഹായം ആവശ്യപ്പെട്ടു. എന്നാൻ ലോക്ക്ഡൗൺ നീക്കുന്നതോടെ മാത്രമേ അതെല്ലാം സാധ്യമാകൂ എന്നാണ് അവർ പറയുന്നത്. ആരോഗ്യവകുപ്പിനോട് പിപിഇ കിറ്റുകൾ നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രവർത്തകർക്ക് തന്നെ ആവശ്യമായത്രയും കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നാണ് അവർ പറയുന്നത് എന്നാണ് ഷമീം പറയുന്നത്.

ഡൽഹിയിൽ കൊറോണ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഐടിഒ ശ്മശാനത്തിലാണ് അടക്കം ചെയ്യുന്നത്. 123 പേരാണ് ഡൽഹിയിൽ കൊറോണ ബാധിച്ചു മരിച്ചത്. ഇതിൽ 112 പേരെയും ഐടിഒ ജാദിദ് ശ്മശാനം അൽ ഇസ്ലാമിലാണ് അടക്കം ചെയ്തത്.ശ്മശാന സമിതി കൊറോണ രോഗികളുടെ സംസ്കാരത്തിനായി പ്രത്യേക സ്ഥലവും അനുവദിച്ചിരുന്നു.