കൊച്ചി: ക്ലാസ് തുടങ്ങുമ്പോഴേക്കും പാവപ്പെട്ട മാതാപിതാക്കൾ ചിന്താക്കുഴപ്പത്തിലാണ്. ഇത്തവണ പഠനം തുടങ്ങുന്നത് ടിവി, ഓൺലൈൻ വഴിയാണെന്ന് അറിഞ്ഞതോടെ ഇതൊന്നുമില്ലാത്തവർ പരുങ്ങലിലാണ്.
സർക്കാർ നിർദ്ദേശം അനുസരിച്ച് സ്ക്കൂൾ അധികൃതർ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകി തുടങ്ങി. കേരളത്തിലെ ഒട്ടുമിക്ക സാധാരണക്കാരും ഞെട്ടലിൽ ആണ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാർഥികൾക്കു വീടുകളിൽ ടിവിയോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലെന്നതാണ് യാഥാർഥ്യം. എന്നാൽ പബ്ലിസിറ്റി മുഖമുദ്രയാക്കിയ സർക്കാർ ലോകത്തിന് മുന്നിൽ ഇതും പ്രചാരണമാക്കാൻ ശ്രമിക്കുമ്പോൾ പാവപ്പെട്ടവൻ്റെ നെഞ്ചു പിടയുകയാണ്. പലർക്കും വീടുകളിൽ ടിവിയോ ഇന്റർനെറ്റ് സൗകര്യമോ ഇല്ല. എന്നാൽ ഇക്കാര്യം പുറത്ത് അറിഞ്ഞാൽ മക്കൾക്കുണ്ടാകുന്ന വിഷമം മാറ്റാൻ മാതാപിതാക്കൾ നെട്ടോട്ടം തുടങ്ങിക്കഴിഞ്ഞു. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത വിദ്യാർഥികൾ കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. 21,653 വിദ്യാർഥികൾക്ക് (15%) ഈ സൗകര്യമില്ല. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആകെ വിദ്യാർഥികളിൽ 7.5 ശതമാനത്തിനു ടിവിയും ഇന്റർനെറ്റുമില്ല. എന്നാൽ പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 4 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഈ പട്ടികയിലുള്ളത്.
ലോക്ഡൗൺ നീണ്ടാൽ വിക്ടേഴ്സ് ടിവി ചാനൽ, വിക്ടേഴ്സ് ഓൺലൈൻ ചാനൽ, യു ട്യൂബ് എന്നിവയിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണു തീരുമാനം. എന്നാൽ, ഈ സൗകര്യങ്ങളില്ലാത്ത 2.61 ലക്ഷം വിദ്യാർഥികളുണ്ടെന്നു കണ്ടെത്തിയതോടെ ഇവർക്കായി പകരം സംവിധാനം ആലോചിക്കുകയാണ് അധികൃതർ. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള ആകെ വിദ്യാർഥികളിൽ 6 ശതമാനത്തിനാണ് ഈ സൗകര്യങ്ങൾ ലഭ്യമല്ലാത്തത്.
വീട്ടിൽ സ്മാർട്ഫോൺ പോലും ഇല്ലാത്ത വിദ്യാർഥികളാണ് ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവരുടെ പട്ടികയിലുള്ളത്. കൊറോണ ഭീഷണിയിൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ കഴിയാതെ വന്നാൽ ഓൺലൈൻ ക്ലാസുകളുടെ സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. സമഗ്രശിക്ഷാ കേരള പദ്ധതി വഴിയാണ് വിവരശേഖരണം നടത്തിയത്.