കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ തിരികെ എത്തിക്കാൻ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ ഓടിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം റയിൽവേയേ സമീപിച്ചു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വിവാദങ്ങൾക്കും പരാതിക്കും ഒടുവിലാണ് ഈ നടപടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ബംഗളൂരുവിൽ നിന്ന് 25, ഹൈദരാബാദിൽ നിന്നും 7, മുംബയിൽ നിന്ന് 10 എന്നീ നിലയിൽ ആണ് സംസ്ഥാനം ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഹോട്ട്സ്പോട്ടുകളിൽ നിന്നും സർവീസ് നടത്തേണ്ടതിനാൽ മുംബായിൽ കുർള, പനവൽ സ്റ്റേഷനുകളിൽ നിന്നാകും ട്രെയിൻ പുറപ്പെടുക.
മുംബയിലെ നിന്ന് തുരന്തോ സ്പെഷ്യൽ സർവീസ് ആണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
തമിഴ്നാട്ടിൽ നിന്നും അൻപതിനായിരത്തിൽ അധികം പേരാണ് നോർക്ക വഴി നാട്ടിൽ എത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചെന്നൈയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആണ് തമിഴ്നാട്ടിൽ നിന്നും ട്രെയിനുകൾ ഇല്ലാത്തത്. കേരളത്തിന്റെ പാസുള്ളവർക്ക് മാത്രമായിരിക്കും ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയുക.