തിരുവനന്തപുരം : ലോക്ക്ഡൗണിന് ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന് സര്‍ക്കാരിനോട് ഗതാഗത വകുപ്പ് . ബസ് ചാര്‍ജ് 100 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ അടക്കം ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്.
ബസ് ചാര്‍ജ് നിലവിലെ തുകയുടെ ഇരട്ടിയാക്കണം. നിലവിലെ മിനിമം ചാര്‍ജ് എട്ടുരൂപയാണ്. ഇത് 12 രൂപയോ, 15 രൂപയോ ആക്കി ഉയര്‍ത്തണം. തൊട്ടടുത്ത ചാര്‍ജായ 10 രൂപ, 20 രൂപയാക്കണം. ഇങ്ങനെ ശേഷിക്കുന്ന നിരക്കുകള്‍ ഇരട്ടിയായി തന്നെ ഉയര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ബസ് ഓടിക്കുമ്പോള്‍ നിരക്ക് ഇരട്ടിയാക്കാതെ നിര്‍വാഹമില്ലെന്ന് ഗതാഗത വകുപ്പ് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം സര്‍വീസ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.
സ്വകാര്യ ബസുകളില്‍ അടക്കം ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ കയറ്റുക സാധ്യമല്ല. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎയോ മറ്റോ ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കണം. അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തണമെന്നും ഗതാഗത വകുപ്പിന്റെ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗതവകുപ്പിന്റെ ശുപാര്‍ശയില്‍ സംസ്ഥാന മന്ത്രിസഭയാണ് അന്തിമതീരുമാനം എടുക്കേണ്ടത്