ന്യൂഡെൽഹി : കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ട ശ്രമങ്ങളെ കുറിച്ചും വൈറസിനെതിരയുള്ള വാക്സിൻ കണ്ടുപിടിത്തത്തെ കുറിച്ചും അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളുമായ ബിൽഗേറ്റ്സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.
കൊറോണക്ക് ശേഷമുള്ള ജീവിതശൈലി, സാമ്പത്തിക സംഘടന, വിദ്യാഭ്യാസം എന്നിവ ബിൽഗേറ്റ്സ് ഫൗണ്ടേഷൻ ജനങ്ങളെ ബോധവൽക്കരിക്കണമെന്ന് മോദി അഭ്യർഥിച്ചു.
ബിവൽഗേറ്റ്സുമായി വിപുലമായ രീതിയിലുള്ള ആശയവിനിമയം നടത്തി. കൊറോണ വൈറസിനെതിരേ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ, കൊറോണക്കെതിരേയുള്ള പോരാട്ടങ്ങളിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ, കൊറോണയെ നേരിടാനുള്ള സാങ്കേതിക വിദ്യയുടെ പങ്ക്, വാക്സിൻ നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു” എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ ജനങ്ങളോട് കൃത്യമായ രീതിയിൽ ആശയ വിനിമയം നടത്തി വൈറസിനെതിരെയുള്ള ഒരുമിച്ചുള്ള പോരാട്ടത്തെ കുറിച്ച് പ്രധാനമന്ത്രി ബിൽഗേറ്റ്സിനോട് വിശദികരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് പരിചിതമല്ലാത്ത ജീവിത രീതിയോട് ചേർന്ന് പോകുവാൻ ജനങ്ങളെ പ്രാപ്തരാക്കിയ കാര്യങ്ങളും കൊറോണ മഹാമാരിക്കെതിരെ പ്രവർത്തിക്കുന്ന മുൻനിര പോരാളികളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനെ കുറിച്ചും മോദി സംസാരിച്ചു.
കൂടാതെ സാമൂഹിക അകലം പാലിക്കുക, മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം പാലിക്കുക, ലോക്ക് ഡൗൺ വ്യവസ്ഥകളെ ബഹുമാനിക്കുക എന്നീ കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കാനായി കഴിഞ്ഞെന്നും മോദി പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകളും നേട്ടങ്ങളും എങ്ങനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താമെന്നതു സംബനധിച്ച നിർദേശവും അദ്ദേഹം ഗേറ്റ്സിൽ നിന്ന് തേടി.
കൊറോണക്ക് ശേഷമുള്ള ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക മനോഭാവം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ആവശ്യമായ മാറ്റങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിൽ ഗേറ്റ്സ് ഫൗണ്ടേഷന് നേതൃത്വം നൽകാമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.