ഡെൽഹിയിൽ നിന്നുള്ള മലയാളികളുമായി ആദ്യ ട്രെയിനത്തി; 400 പേർ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്ഡൗൺ മൂലം ഡെൽഹിയിൽ കുടുങ്ങി പോയ മലയാളികളെ നാട്ടിലെത്തിക്കാനായുള്ള ഡെൽഹിയിൽ നിന്നുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 5.25നാണ് രാജധാനി സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. 400 യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്.

കോഴിക്കോടും എറണാകുളവും ട്രെയിന് സ്റ്റോപ്പുണ്ടായിരുന്നു. യാത്രക്കാരിൽ പലർക്കും കൊറോണ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. കോഴിക്കോട് ട്രെയിനിറങ്ങിയ ആറ് പേർക്കും തിരുവനന്തപുരത്ത് ഇറങ്ങിയ ഒരാൾക്കും രോഗലക്ഷങ്ങണങ്ങൾ ഉണ്ടായിരുന്നു. ഇവരെ ആംബുലൻസിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടാതെ ഇവരോടൊപ്പം യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കി. രോഗലക്ഷണമില്ലാത്തവർ കെ എസ് ആർടിസി ബസ്സുകളിലും സ്വന്തം വാഹനങ്ങളിലുമായി അതാതു ജില്ലകളിലേക്ക് യാത്ര പുറപ്പെട്ടു. ഒരു ബസിൽ 25 പേർക്ക് മാത്രമേ പോകാനനുവാദമുള്ളൂ. ഇതിൽ ഗർഭിണികളും പ്രായമായവരും ഉണ്ട്. എല്ലാവർക്കും ഹോം ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.

തെര്‍മല്‍ ഗണ്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷവും ബാഗുകള്‍ അഗ്നിശമനസേന അണുവിമുക്തമാക്കിയ ശേഷവുമാണ് യാത്രക്കാരെ പുറത്തു പോകാൻ അനുവദിച്ചത്. യാത്രക്കാരെല്ലാം 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റീനില്‍ കഴിയണമെന്നു ആരോഗ്യ വകുപ്പ് നിർദേശിച്ചു.