ന്യൂഡൽഹി: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഒമ്പത് മേഖലകൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡിലൂടെ രാജ്യത്തെ 25 ലക്ഷം കർഷകർക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക നൽകിയത്.
3 കോടി കർഷകർക്ക് മൂന്ന് മാസത്തേക്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തിൽ ചിലവിട്ടു. ഈ പലിശയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ…
കർഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നൽകി. മൂന്നു കോടി കർഷകർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചു. ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്കു വിതരണം ചെയ്തു. മൂന്നു മാസം മൊറട്ടോറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകി. നബാർഡ് വഴി 29,000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു. ക്യാംപുകളിലെ അതിഥിതൊഴിലാളികൾക്കു മൂന്നു നേരം ഭക്ഷണം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നൽകിയത്. അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11,000 കോടി അനുവദിച്ചു. 12,000 സ്വയം സഹായ സംഘങ്ങൾ മൂന്നു കോടി മാസ്ക് നിർമിച്ചു.