ന്യൂഡൽഹി: ലോക് ഡൗണിനു ശേഷവും ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി തുടരുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക് ഡൗൺ കാരണം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനുള്ള സംവിധാങ്ങളായിരുന്നു സർക്കാർ ഒരുക്കിയിരുന്നത്. ഇതിനോടകം 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ജോലികളും ഇ-ഓഫീസ് വഴിയായിക്കഴിഞ്ഞു. തുടർന്നും ഇത്തരത്തിൽ ജോലി തുടരുവാൻ വേണ്ടിയാണു കേന്ദ്രസർക്കാർ കരടു മാർഗരേഖ തയ്യാറാക്കിയത്. വിവിധ മന്ത്രാലയങ്ങളോട് ഈ മാസം 21-നകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാർക്ക് ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കണമെന്നും ഡേറ്റാ റീച്ചാർജിന് റീഇംപേഴ്സ്മെന്റ് നൽകമെന്നും കൂടാതെ ഓഫീസ് ജോലിക്ക് മാത്രമേ ഔദ്യോഗിക ലാപ്ടോപ്പുകൾ ഉപയോഗിക്കാവൂ എന്നും കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്.
കൂടാതെ രഹസ്യസ്വഭാവമുള്ള ഫയലുകൾ ഇ-ഓഫീസുകൾ വഴി കൈകാര്യം ചെയ്യരുത്. ഓരോ ഫയലുകൾ നീങ്ങുമ്പോഴും അടിയന്തരശ്രദ്ധ ക്ഷണിക്കാനായി ഇ-മെയിൽ, എസ്.എം.എസ്. അലർട്ടുകൾ നൽകണം.ഓരോ മന്ത്രാലയങ്ങളും പ്രത്യേക ഹെൽപ്ഡെസ്ക് തുടങ്ങണം. കൂടാതെ ഒരു കേന്ദ്രീകൃത ഹെൽപ് ഡെസ്കും പ്രവർത്തിക്കുമെന്നും തുടങ്ങിയ നിർദേശവും മുൻപോട്ടു വെച്ചിട്ടുണ്ട്.
രഹസ്യസ്വഭാവം ഉറപ്പാക്കാനുമുള്ള സാങ്കേതികസൗകര്യങ്ങൾ നടപ്പാക്കാൻ നാഷണൽ ഇൻഫോമാറ്റിക് സെന്റ(എൻ.ഐ.സി)റിനെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി. 15 ദിവസം വീട്ടിലിരുന്നു ജോലിയെടുക്കാവുന്ന തരത്തിൽ മന്ത്രാലയങ്ങൾ പദ്ധതി തയ്യാറാക്കണമെന്നും കരടു മാർഗരേഖ നിർദേശിച്ചിട്ടുണ്ട്.