മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ് ബുക്കിൽ അശ്ലീല കമൻ്റിട്ട യുവാവിനെതിരേ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ അശ്ലീലവാക്കുകൾ കമൻ്റിട്ട യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ അസ്താബ് അൻവറിനെതിരായാണ് പോലീസ് കേസെടുത്തത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ എൻജിനീയറാണ് അസ്താബ്. കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ വിദേശത്തു ജോലി കിട്ടി പോയത്.അബുദാബിയിൽ നിന്നാണ് ഇയാൾ അശ്ലീലവാക്കുകൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് മേധാവി എ.വി. ജോർജിന് പരാതി കൈമാറുകയും ചെയ്തു. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്ന് സൈബർസെൽ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മേൽവിലാസം കണ്ടെത്തിയത്.
യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചേവായൂര്‍ എസ്.ഐ. കെ. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.