തിരുവനന്തപുരം : ലോക് ഡൗൺ മൂലം മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ പുനരാരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മേയ് 26 ന് കണക്ക്, 27 ന് ഫിസിക്സ് , 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിസഭായോഗത്തിനു ശേഷം ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകും. കൂടാതെ കേരള സര്‍വകലാശാലയുടെ ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈമാസം 21 ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച് , ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നു സർവകലാശാല അറിയിച്ചു.
എല്‍.എല്‍.ബി പഞ്ചവത്സര കോഴ്സുകളുടെ പരീക്ഷ ജൂണ്‍ എട്ടിനും ത്രിവത്സര കോഴ്സിന്റേത് ഒന്‍പതിനും തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് റിപ്പോർട്ട്.