ചെന്നൈ; തമിഴ്നാട്ടില്‍ കൊറോണ അതിവേഗം പടരുകയാണ്. രോഗവ്യാപനം തടയാൻ സർക്കാർ കർശനമായ നടപടി സ്വീകരിച്ചിട്ടും വൈറസ് പടരുന്നത് ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കുകയാണ്. ചെന്നൈ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. കോയമ്പേട് മാർക്കറ്റായിരുന്നു മറ്റൊരു പ്രധാന രോഗ കേന്ദ്രം. മാർക്കറ്റ് അടച്ചതോടെ ഒരു രോഗവ്യാപന സാധ്യത ഒഴിഞ്ഞു. എന്നാൽ ഇവിടെ നിന്ന് പലരും അവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിയതിനാൽ ഗ്രാമങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും കൊറോണ പടരുമെന്ന ആശങ്ക അധികൃതർക്ക് തന്നെയുണ്ട്.
തമിഴ്നാട്ടിൽ കഴിഞ്ഞദിവസം മാത്രം പുതിയ 716 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. എട്ടുപേര്‍ രോഗം ബാധിച്ച് മരിച്ചു. മരണസംഖ്യ ഉയരുന്നതും വലിയ വെല്ലുവിളിയായിട്ടുണ്ട്.
കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 510 പേരും ചെന്നൈയിലാണ്. കൂടാതെ മരിച്ചവര്‍ എല്ലാവരും ചെന്നൈ സ്വദേശികളാണ്. മറ്റ് രോഗങ്ങളുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ചെന്നൈയില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണകി നഗറിലെ കോളനിയില്‍ 23 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളാ അതിര്‍ത്തിയിലെ തേനിയില്‍ ഏഴുപേര്‍ക്ക് കൊറോണ ബാധിച്ചു. വിരുത്നഗറിലും കന്യാകുമാരിയിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയിലും കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്.