ട്രെയിനുകൾ രോഗ വ്യാപനത്തിന് കാരണമാകും: ചെന്നൈയിലേക്ക് സര്‍വീസ് നടത്തരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: ട്രെയിന്‍ സര്‍വ്വീസുകൾ രോഗ വ്യാപനത്തിന് കാരണമാകുമെന്നതിനാൽ ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ഈ മാസം 14, 16 തീയ്യതികളിലാണ് ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്രാപാസുകള്‍ തമിഴ്‌നാട് കൂട്ടത്തോടെ തളളി. കേരളത്തിന്റെ പാസ് ലഭിച്ചവരിലും അടിയന്തര ആവശ്യക്കാര്‍ക്ക് മാത്രമേ തമിഴ്‌നാട് അനുമതി നല്‍കുന്നുള്ളു. അടിയന്തര ചികിത്സ വേണ്ടവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരൊഴികെ ആര്‍ക്കും തമിഴ്‌നാട് പാസ് നല്‍കുന്നില്ല. കേരളത്തിന്റെ പാസ് ലഭിച്ച നിരവധി പേര്‍ മടങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്. പൊതു വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ഇരട്ടി തുകയ്ക്ക് ടാക്‌സികളില്‍ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയിലാണ് മലയാളികള്‍.