വെങ്കട്ടപ്പുരത്തെ വിഷവാതക ദുരന്തം; പ്രത്യാഘാതം വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് സിഎസ്ഐആർ

വിശാഖപട്ടണം: വിശാഖപട്ടണത്തെ എൽജി പോളിമേർസിൽ നിന്ന് പുറത്തേക്ക് വന്ന വിഷവാതകത്തിന്റെ പ്രത്യാഘാതം വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പുമായി കൗൺസിൽ ഓഫ് സയൻ്റിഫിക്ക് ആൻ്റ് ഇൻഡസ്ട്രിയൽ റിസർച്ചി (സിഎസ്ഐആർ)ന്‍റെ റിപ്പോർട്ട്. ഇരകളായവർക്ക് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സിഎസ്ഐആർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ അറിയിച്ചു.

വെങ്കട്ടപ്പുരത്തുളളവർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തണം. ഇരകളായവർക്ക് ശ്വാസകോശ, ത്വക്ക് രോഗങ്ങളുടെ ബുദ്ധിമുട്ട് നീണ്ടുനിൽക്കുമെന്നും വ്യക്തമാക്കുന്നു

അതേസമയം എൽജി കമ്പനിയിൽ 13,000 ടൺ സ്റ്റൈറീൻ ആണ് സൂക്ഷിച്ചിരിക്കുന്നത്. കമ്പനിയിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന മുഴുവൻ സ്റ്റൈറീനും ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് ആന്ധ്രപ്രദേശ് സർക്കാർ എൽജി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 8000 ടൺ പ്രത്യേക കണ്ടയ്നറിൽ കയറ്റിയയച്ചു. ഇത് തെക്കൻ കൊറിയയിലേക്ക് കൊണ്ടുപോകണമെന്നാണ് സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടത്.
വെങ്കട്ടപ്പുരത്ത് അന്തരീക്ഷം പഴയപടിയായെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്ന് ഭയന്ന് നാട്ടുകാർ മടങ്ങിയെത്തുന്നില്ല.