കുവൈറ്റിൽ രോഗബാധിതർ പതിനായിരത്തിനടുത്തെത്തി; ഏഴു പേർ കൂടി മരിച്ചു

കുവൈറ്റ് : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി.598 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 9286 ആയി. കുവൈറ്റിൽ കൊറോണ ബാധിച്ച് ഇന്ന് 7 പേർ കൂടി മരിച്ചതോടെ ഇതുവരെ മരണം 65 ആയി.

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നവരാണ് ഇന്ന് മരിച്ചത്. എന്നാൽ ഇവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇന്ന് കൊറോണ വൈറസ്‌ ബാധിച്ചവരിൽ 159 പേർ ഇന്ത്യക്കാരാണ്. ഇതടക്കം കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 9286 ആയി. ഇവരിൽ 3376 പേർ ഇന്ത്യാക്കാരാണ്.
131 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ഇവരിൽ 60 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണ്. ഫർവ്വാനിയ 256, അഹമദി 93 , ഹവല്ലി 130, കേപിറ്റൽ 74 , ജഹറ 44. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫർവ്വാനിയയിൽ നിന്നും 89 പേരും ജിലീബ്‌ ശുയൂഖിൽ നിന്നു 61 പേർക്കും ഹവല്ലിയിൽ നിന്ന് 76 പേർക്കും ഖൈത്താനിൽ നിന്ന് 41 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. സ്വദേശികൾ 79, ഈജിപ്ത്‌കാർ 140, ബംഗ്ലാദേശികൾ 87 എന്നിങ്ങനെയാണ് മറ്റു രാജ്യക്കാർക്ക് ഇന്ന് രോഗബാധ. 178 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 2907 ആയി.