മൃതദേഹങ്ങൾ അന്യ നാട്ടിലേക്ക് കൊണ്ടുപോകാനും കൊണ്ടുവരാനും അനുവദിക്കില്ലെന്ന് കർണാടക; മരിച്ചിടത്ത് തന്നെ സംസ്കരിക്കും

ബെംഗളൂരു: കൊറോണ വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിച്ച് കർണ്ണാടകം. കർണാടകത്തിൽ മരിക്കുന്ന മറ്റ് സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

മുംബൈയിൽ നിന്ന് മൃതദേഹത്ത അനുഗമിച്ചെത്തിയ നാല് പേർക്ക് മണ്ഡ്യയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. മരണം സംഭവിച്ച സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം.

കർണാടക സ്വദേശികൾക്കും തീരുമാനം ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മരിക്കുന്ന കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അനുമതി നൽകില്ല. അതേ സമയം തന്നെ നടപടിക്രമങ്ങൾ പാലിച്ച് മൃതദേഹം കൊണ്ടുവരാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.