പാലക്കാട്: ആദിവാസി ഊരുകളിൽ പരിഭ്രാന്തി പരത്തി അട്ടപ്പാടിയിൽ വീണ്ടും കൈക്കുഞ്ഞ് മരിച്ചു. ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെള്ളകുളം ഊരിലാണ് സംഭവം.
ചിത്ര – ശിവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ വർഷം മാത്രം അട്ടപ്പാടിയിൽ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണ് ഇത്.
സംസ്ഥാനത്ത് 2013ൽ പ്രസവത്തോടെ 31 കുഞ്ഞുങ്ങൾ മരിച്ചിരുന്നു. 2019ൽ ഏഴായി. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കായിരുന്നു ഇത്. അട്ടപ്പാടിയിലെ ശിശുമരണ നിരക്കും ആദിവാസി ശിശുമരണ നിരക്കും തമ്മിലുള്ള വ്യത്യാസം 51.19 ശതമാനത്തിൽനിന്ന് ഏഴുവർഷം കൊണ്ട് 4.38 ശതമാനമായി കുറഞ്ഞു. ആദിവാസി സ്ത്രീകൾക്കിടയിലെ ഗർഭഛിദ്രം ഏഴുവർഷംകൊണ്ട് 77ൽനിന്ന് 20 ആയി. ഗർഭസ്ഥ ശിശുമരണം 18ൽ നിന്ന് നാലായും വീട്ടിൽ പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം 2011 ലെ 91 എന്ന സ്ഥിതിയിൽനിന്ന് മൂന്നായും താഴ്ന്നു.
2018ൽ ആറ് ആദിവാസി നവജാത ശിശുക്കൾ മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിമരിച്ചിരുന്നു.