തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വര്‍ധിച്ചതുകൊണ്ടാണ് ബില്‍ തുക ഉയര്‍ന്നതെന്നും മന്ത്രി എം.എം. മണി. ലോക്ഡൗണ്‍ കാരണം ഒന്നര മാസമായി കുടുംബത്തിലെ അംഗങ്ങളെല്ലാം വീട്ടിനുള്ളില്‍ അടച്ചിടപ്പെട്ടപ്പോള്‍ ടി.വി, ഫാനുകള്‍, ലൈറ്റുകള്‍ തുടങ്ങിയവ കൂടുതല്‍ നേരം ഉപയോഗിച്ചതാണ് ബില്‍ തുക വര്‍ധിക്കാന്‍ കാരണമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രഹസ്യമായി വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെന്നും മണി വ്യക്തമാക്കി.
ഉപഭോഗം കൂടിയതുകാരണം 240 യൂണിറ്റ് അധികരിച്ചവര്‍ക്ക് സബ്സിഡി ലഭിക്കാത്തത് മൂലവും ബില്‍ തുക കൂടാം. വൈദ്യുതി നിരക്കും 10 ശതമാനം ഡ്യൂട്ടി, ഫിക്സഡ് ചാര്‍ജ്, മീറ്റര്‍ വാടക, മീറ്റര്‍ വാടകയുടെ 18 ശതമാനം ജി.എസ്.ടി എന്നിവ കൂടി ചേരുന്നതാണ് ബില്‍.
രഹസ്യമായി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ബോര്‍ഡിനാകില്ല. മനഃപൂര്‍വം മീറ്റര്‍ റീഡിങ് വൈകിപ്പിച്ചിട്ടുമില്ല. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 20 വരെ മീറ്റര്‍ റീഡിങ് എടുത്തിരുന്നില്ല. ഇതില്‍ ഏപ്രില്‍ 15 വരെ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്‍ നല്‍കിയത്. മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്‍ നല്‍കുന്നത്.