പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് അഞ്ചിന് ; ക്ലാസുകള്‍ 25 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ഈ മാസം അഞ്ചിന് തുടങ്ങും.  ക്ലാസുകള്‍ ഓഗസ്റ്റ് 25ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 15 ന് രണ്ടാംഘട്ട അലോട്ട്‌മെന്റ് പട്ടികയും  22 ന് മൂന്നാംഘട്ട പട്ടികയും പ്രസിദ്ധീകരിക്കും.  16, 17 തീയതികളില്‍ ക്ലാസുകളിലേക്ക് പ്രവേശനം നടക്കുമെന്നും മന്ത്രി അറിയിച്ചു. 

ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കുന്നത് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് ലിസ്റ്റില്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഓഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു. ഈ കാലതാമസം പരിഗണിച്ചാണ് ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്. 

സെര്‍വര്‍ തകരാറുമൂലം ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്ലസ് വണ്‍ ട്രയല്‍ പോര്‍ട്ടലിന്റെ നാല് സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് സെര്‍വര്‍ തകരാറിലായത്. 

ഈ അധ്യായന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവവും മന്ത്രി പ്രഖ്യാപിച്ചു. 2023 ജനുവരി മൂന്ന് മുതലാണ് കലോത്സവം. കോഴിക്കോട് ജനുവരി ഏഴ് വരെയാണ് കലോത്സവം നടക്കുക. കായിക മേള ഈ നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 2022 – 23 അധ്യയന വര്‍ഷം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉണ്ടാകും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.