ഹ്യദ്രോഗം ബാധിച്ച് വീണ വാദകൻ ആനന്ദ് കൗശിക് അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത വീണ വിദ്വാൻ അനന്തപത്മനാഭന്റെ മകൻ വീണ വാദകൻ ആനന്ദ് കൗശിക് (36) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ നാലിനായിരുന്നു മരണം. വൈകുന്നേരം പാപ്പനംകോട്ടെ വസതിയിലാണ് സംസ്‌കാരം.

തിരുപ്പതി, ഗുരുവായൂർ, തൃശൂർ തിരുവമ്പാടി ക്ഷേത്രങ്ങളിലെ സംഗീതോത്സവങ്ങളിൽ പതിവായി കച്ചേരി അവതരിപ്പിച്ചിരുന്ന ആനന്ദ് സ്വാതി സംഗീതസഭയുടെ പരിപാടികളിലും സജീവമായിരുന്നു. അമേരിക്കയിലടക്കം വീണക്കച്ചേരി അവതരിപ്പിച്ചു.
ഭാര്യ സംഗീതജ്ഞ സുബ്ബലക്ഷ്മി. മൂന്നു വയസ്സുള്ള മകളുണ്ട്.

തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന ആനന്ദിനെ ഇന്നലെ അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ ഏഴരയോടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. അച്ഛൻ അനന്തപത്മനാഭൻ തിരുവനന്തപുരത്തേക്കു തിരിച്ചിട്ടുണ്ട്.

അച്ഛനിൽനിന്നു തന്നെ വീണ അഭ്യസിച്ച ആനന്ദ് കൗശിക് ചെറിയ പ്രായത്തിനുള്ളിൽ ഈ മേഖലയിലെ അറിയപ്പെടുന്ന കലകാരനായി വളർന്നിരുന്നു. അച്ഛനൊപ്പം കച്ചേരികൾ അവതരിപ്പിച്ചിരുന്നു.

സോഫ്റ്റ്‌വെയർ ആർക്കിടെക്ടായി ജോലി ചെയ്യുന്നതിനിടയിലും സംഗീതത്തിനു സമയം കണ്ടെത്തിയിരുന്ന ആനന്ദ് കൗശിക് തിരുവനന്തപുരം കൈമനത്തെ വീട്ടിൽ എട്ടുവർഷമായി വീണ പഠിപ്പിച്ചിരുന്നു. ആഴ്ചയിൽ രണ്ടുദിവസം അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർഥികളെ സ്കൈപ്പ് വഴി ആനന്ദ് വീണ അഭ്യസിപ്പിച്ചിരുന്നു.