കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് പ്രതി  മണിച്ചന് ജയിൽ മോചനം

തിരുവനന്തപുരം: അനേകരുടെ മരണത്തിന് ഇടയാക്കിയ കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിലെ പ്രതി ചന്ദ്രനെന്ന  മണിച്ചന് ജയിൽ മോചനം. മണിച്ചൻ അടക്കം 33 തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണർ ഒപ്പിട്ടു. 22 വർഷത്തിന് ശേഷമാണ് മണിച്ചന്റെ മോചനം. 31 പേർ മരിച്ച മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്.

വിഷമദ്യ ദുരന്തത്തിൽ 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും  ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ്. ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരിയിലേക്ക് മാറ്റിയത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ തുറന്ന ജയിലിലെ മികച്ച കര്‍ഷകന്‍ കൂടിയാണ്.