കൊച്ചി: കൂത്താട്ടുകുളത്തെ മഹാദേവ ക്ഷേത്രമടക്കം തകരുന്ന ക്ഷേത്രങ്ങളുടെ പരിരക്ഷയ്ക്കായി അഞ്ച് കോടി നീക്കിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തത്ത്വമസി എന്ന പേരിൽ തീർത്ഥാടന ടൂറിസം റൂട്ട് ആവിഷ്കരിച്ചു. പത്ത് കോടി നീക്കിവച്ചു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിന് കീഴിലാണ്. മഹാദേവ ക്ഷേത്രവും ക്ഷേത്രത്തിന്റെ പേരിലുള്ള മൂന്ന് ഏക്കർ 55 സെന്റ് ഭൂമിയുമാണ് ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. ദേവസ്വം കമ്മീഷണറുടെ അന്തിമ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് വൈക്കം ഡെപ്യൂട്ടി കമ്മീഷണർ നേതൃത്വത്തിൽ ബോർഡ് ഉദ്യോഗസ്ഥർ എത്തി അമ്പലം ഏറ്റെടുത്തത്. കഴിഞ്ഞ വർഷം ദേവസ്വം ബോർഡ് നടത്തിയ പ്രാഥമിക നോട്ടിഫിക്കേഷന് ശേഷം ഉണ്ടായ സിവിൽ തർക്കത്തിൽ ബോർഡിന് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാമെന്ന് ജില്ലാ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മീഷണർ അന്തിമ നോട്ടിഫിക്കേഷൻ ഇറക്കിയത്.
മഹാദേവ ക്ഷേത്രത്തിലെ പൂജ കാര്യങ്ങൾ നടത്താനായി ജീവനക്കാരെയും ബോർഡ് നിയോഗിച്ചിട്ടുണ്ട്. ഏറ്റെടുത്ത വസ്തു വകകൾ ഇനി.മുതൽ ബോർഡിന്റെ അധീനതയിലായിരിക്കുമെന്നും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ 100 വർഷത്തിലേറെയായി അത്തിമൺ ഇല്ലത്തിന്റെ കൈവശത്തിലായിരുന്ന ക്ഷേത്രം കെടുകാര്യസ്ഥത മൂലം നാശോന്മുഖമായ സാഹചര്യത്തിലായിരുന്നു ദേവസ്വം ബോർഡിന്റ ഇടപെടൽ. ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് നാട്ടുകാരായ ഭക്തജനങ്ങളുടെ സംഘടനയായ ശിവസ്വം ട്രസ്റ്റ് 2017 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ദേവസ്വം ബോർഡ് നടപടികൾ തുടങ്ങിയത്.