ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

 

ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ആര്യന്‍ ഖാന്റെ കയ്യില്‍നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലന്നും എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു. 

ലഹരി കേസിൽ 14 പേർക്കെതിരയാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക കോടതിയിൽ 10 വാള്യങ്ങളായാണ് എൻസിബി കുറ്റപത്രം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആര്യൻ ഖാനെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 

26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യൻ ഖാന് പിന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  നാടകീയ സംഭവങ്ങൾക്കൊടുവിൽ ഒക്ടോബർ 30നാണ് ആര്യൻ ഖാൻ ജയിൽ മോചിതനായത്. ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ടായിരുന്നു.
തുടർന്ന് കേസ് അന്വേഷണത്തിന് എൻസിബിയുടെ പ്രത്യേക സംഘത്തെ നിയോ​ഗിക്കുകയായിരുന്നു. കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല.
ആര്യന്റെ ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആര്യന്‍ ഖാന്‍ എന്ന വാദം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവില്ലെന്നും പ്രത്യേക സംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.