കുവൈറ്റ് : കൊറോണ രോഗബാധിതരുടെ എണ്ണം കുവൈറ്റിൽ ഭീതിജനകമാംവിധം വർധിക്കുന്നു. ഒരു ഈജിപ്ഷ്യൻ ഡോക്ടറടക്കം മൂന്നു പേർ ഇന്ന് രോഗം ബാധിച്ച് മരിച്ചു. ഈജിപ്റ്റുകാരനായ താരിഖ് ഹുസ്സൈൻ (61) എന്ന ഡോക്ടറാണ് മരിച്ചത്. സെയ്ൻ ആശുപത്രിയിൽ ഇഎൻ റ്റി വിഭാഗത്തിൽ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഇദ്ദേഹം.
160 ഇന്ത്യക്കാർ ഉൾപ്പെടെ 641 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. കുവൈറ്റിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന രോഗബാധാ നിരക്കാണിത്. വൈറസ് ബാധിതരുടെ എണ്ണം 7208 ആയി. ഇവരിൽ 2884 പേർ ഇന്ത്യാക്കാരാണ്. ഇതിൽ 91 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണ്. 39 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുവൈറ്റിൽ ആദ്യമായാണു കൊറോണ ബാധിച്ച് ഡോക്ടർ മരിക്കുന്നത്. മരിച്ച മറ്റു 2 പേർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് കുവൈറ്റിൽ മരണമടഞ്ഞവരുടെ എണ്ണം 47 ആയി. 4695 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.
ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 638 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. യാത്രയുമായി ബന്ധപ്പെട്ട മൂന്ന് പേർക്കാണു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവർ ബ്രിട്ടനിൽ നിന്നും തിരിച്ചെത്തിയ കുവൈറ്റികളാണ്.