എം.ജി. ബിരുദ പരീക്ഷകൾ മെയ് 26 മുതൽ; പിജി പരീക്ഷകൾ ജൂൺ മൂന്നു മുതൽ

കോട്ടയം: കൊറോണയുടെ പശ്ചാതലത്തിൽ മാറ്റിവച്ച യു.ജി. പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു.

ആറാം സെമസ്റ്റർ സി.ബി.സി.എസ്. (റഗുലർ, പ്രൈവറ്റ്), സി.ബി.സി.എസ്.എസ്. (സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കും. നാലാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ് 27നും അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പ്രൈവറ്റ്) പരീക്ഷകൾ ജൂൺ നാലിനും ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ് 26, 28, 30, ജൂൺ ഒന്ന് തീയതികളിലും നാലാം സെമസ്റ്റർ പരീക്ഷകൾ മെയ് 27, 29, ജൂൺ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക.

അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകൾ ജൂൺ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യു.ജി. മൂല്യനിർണയ ക്യാമ്പുകൾ ഹോംവാല്യുവേഷൻ രീതിയിൽ ജൂൺ എട്ടിന് ആരംഭിക്കും.

സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുന്നത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കോളജുകൾക്ക് നിർദേശം നൽകുമെന്ന് കൺട്രോളർ അറിയിച്ചു.