ന്യൂ ഡെല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കഴിഞ്ഞ കുറെക്കാലമായി കെ വി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സിപിഎമ്മിലുമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ലെന്നും എല്ലാ പദവികളും നേടിയ കെവി തോമസിന്റെ പ്രവൃത്തി നന്ദി കേടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെവി തോമസിന് ഇനി സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം ചതിക്കുഴിയില്‍ കെവി തേമസ് വീണതായി പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് എറണാകുളത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത്. താന്‍ ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണെന്നും അച്ചടക്കത്തോടെയാണ് ഇതുവരെ പാര്‍ട്ടിക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചെങ്കിലും ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ലമെന്റില്‍ പോകാനല്ല, അര്‍ഹമായ പരിഗണന പാര്‍ട്ടി തരുമെന്ന് കരുതി. ഏഴ് വട്ടം ജയിച്ചത് എന്റെ തെറ്റല്ല. പിന്നെ തോല്‍ക്കുന്നതാണോ തെറ്റെന്ന് അദ്ദേഹം ചോദിച്ചു