തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ ആരംഭിക്കുന്ന ഡോ. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലക്കായി ഭൂവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. 136 ഭൂവുടമകളുടെ 50 ഏക്കര്‍ വസ്തുവാണ് ഇന്നും നാളെയും സര്‍വകലാശാലയ്ക്ക് കൈമാറുന്നത്. ആകെ 184 കോടി രൂപയാണ് 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്. സ്ഥലം ഏറ്റെടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും. ഇതിന് പുറമെ വീടുകളുടെയും മറ്റു ചമയങ്ങളുടെയും വില പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിലും ലഭ്യമാകും.
മരങ്ങളുടെ വില റബര്‍ബോര്‍ഡ്, വനം, കൃഷി വകുപ്പുകള്‍ അംഗീകരിച്ച നിരക്കില്‍ കിട്ടും. വളരെ ഉയര്‍ന്ന നഷ്ടപരിഹാരമാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു കാറ്റഗറിയായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്. എ കാറ്റഗറിയില്‍ 4.65 ലക്ഷവും ബിയില്‍ 4.22 ലക്ഷവും സിയില്‍ 3.38 ഡിയില്‍ 2.74 ലക്ഷവും ഇ യില്‍ 1.06 ലക്ഷവും നല്‍കും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് അധികമായി 4.60 ലക്ഷവും വീടും കാലിത്തൊഴുത്തും നഷ്ടപ്പെടുന്നവര്‍ക്ക് 5.10 ലക്ഷവും ലഭിക്കും. 2017 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, വിദ്യാഭ്യാസ മന്ത്രി, ഐ.ബി.സതീഷ് എംഎല്‍എ, വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഡോ.എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് വിളപ്പില്‍ശാലയില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്.
ഇതിനായി വിളപ്പില്‍ശാലയില്‍ 100 ഏക്കറിലധികം ഭൂമി കണ്ടെത്തി. തുടര്‍ന്ന് 24.12.2018 ന് ഭരണാനുമതി നല്കി. 2020 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി. 100 ഏക്കര്‍ വസ്തുവിന് 350 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കി. വസ്തുക്കളെ 5 കാറ്റഗറിയായി തിരിച്ച് വസ്തുവിന്റെ വില, അതിന്റെ സൊലേഷ്യം, മരങ്ങളുടെ വില, കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില, കിടപ്പാടവും തൊഴിലും നഷ്ട്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയൊക്കെ ചേര്‍ത്താണ് ഈ കണക്കുകൂട്ടലില്‍ എത്തി ചേര്‍ന്നത്. സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാന നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തിന് വേണ്ടി 405 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടെ ചേര്‍ത്ത് ആകെ 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 11.08.2021 ന് ധനമന്ത്രി, റവന്യൂ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, വൈസ് ചാന്‍സലര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൂടിയ ഉന്നതതല യോഗത്തില്‍ ആദ്യഘട്ടമായി 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. 2021 ഫെബ്രുവരി 16 ന് സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സര്‍വകലാശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാന നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായതെന്നും ഭൂവുടമകള്‍ക്ക് ന്യായമായ വില ലഭ്യമായതായും ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു. നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി നല്കുന്ന ജനങ്ങളെ കണ്ണുനീരിലാഴ്ത്തില്ലെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് ഉദാഹരണമാണ് സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്തിനായുള്ള ഭൂമി ഏറ്റെടുക്കലെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.