എറണാകുളം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ്. എറണാകുളത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണെന്നും അച്ചടക്കത്തോടെയാണ് ഇതുവരെ പാര്‍ട്ടിക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചെങ്കിലും ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ലമെന്റില്‍ പോകാനല്ല, അര്‍ഹമായ പരിഗണന പാര്‍ട്ടി തരുമെന്ന് കരുതി. ഏഴ് വട്ടം ജയിച്ചത് എന്റെ തെറ്റല്ല. പിന്നെ തോല്‍ക്കുന്നതാണോ തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
മാര്‍ച്ചില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. 23ാം പാര്‍ട്ടി കോണ്ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് കെവി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലെ കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി തോമസ് പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.