തപാല്‍ വഴി പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാം

തിരുവനന്തപുരം: അകലങ്ങളില്‍ കഴിയുന്ന പ്രിയപ്പെട്ടവര്‍ക്ക് തപാല്‍ വഴി വിഷുക്കൈനീട്ടം നല്‍കാം. തപാല്‍ വകുപ്പ് ഈ വര്‍ഷം വിഷുവിനോട് അനുബന്ധിച്ചു ‘വിഷുക്കൈനീട്ടം -2022’ എന്ന പേരില്‍ പുതിയൊരു സംവിധാനം ആരംഭിച്ചിരിക്കുകയാണ്. ഈ സംരംഭം ആദ്യമായിട്ടാണ് കേരള തപാല്‍ വകുപ്പ് നടപ്പാക്കുന്നത്.

കൊറോണ മഹാമാരിയെ തുടര്‍ന്ന് അകലങ്ങളില്‍ കഴിയുന്ന പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനുമായാണ് ഈ സംവിധാനം തപാല്‍ ആഫീസുകളില്‍ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേയ്ക്ക് വിഷുക്കൈനീട്ടം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഏപ്രില്‍ 10 വരെ ഈ സേവനം എല്ലാ ഡിപ്പാര്‍ട്മെന്റല്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.

100 രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നീ തുകകള്‍ അതിന്റെ കമ്മീഷനോടൊപ്പം തപാല്‍ ആഫീസുകളില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവറുകളില്‍ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുക്കും.