കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതാബായ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജനകീയ പ്രക്ഷോഭത്തെ തടയാന്‍ ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
കൊളംബോ നഗരത്തിലെ രാജപക്സെയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ നടന്ന സംഘര്‍ഷത്തില്‍ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രകടനം നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം നാല്പതിലേറെ എംപിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ശ്രീലങ്കയില്‍ രാജപക്‌സെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 14 അംഗങ്ങള്‍ ഉള്ള ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി അടക്കം ചെറു കക്ഷികള്‍ മഹിന്ദ രാജപക്സെയുടെ പൊതുജന മുന്നണിയില്‍ നിന്ന് വിട്ട് പാര്‍ലമെന്റില്‍ സ്വതന്ത്രരായി ഇരിക്കാന്‍ തീരുമാനിച്ചു.
225 അംഗ ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്‌സെ സര്‍ക്കാരിന് ഉണ്ടായിരുന്നത്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂര്‍ തികയും മുമ്പേ രാജിവച്ചു.