തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടുകൂടി ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ സാധ്യത. അതേസമയം ആന്തമാന്‍ കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. ഏഴിന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
എട്ട്, ഒന്‍പത് തീയതികളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം.