
മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ മൂന്നംഗ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്നാട്ടില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ് എന്നിവര്‍ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെയാണ് മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്.
അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര് കാറിലാണുണ്ടായിരുന്നത്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിച്ചത്. ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മെറ്റ് എറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.