തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിപ്പ് സിപിഐ. ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കുന്നതില്‍ സിപിഐയ്ക്ക് വ്യത്യസ്ത നിലപാട് ആണുള്ളതെന്ന് റവന്യൂ മന്ത്രി കെ രാജന് മന്ത്രിസഭയില്‍ അറിയിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കല്‍ സാങ്കേതിക നടപടി മാത്രമാണെന്നാണ് നിയമ മന്ത്രി പി രാജീവ് അറിയിച്ചത്.
ബില്‍ വരുമ്പോള്‍ വിഷയത്തില്‍ ചര്‍ച്ച ആകാമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പറഞ്ഞതോടെ സിപിഐ ഇതിനോട് യോജിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും മന്ത്രിസഭയുടെ പരിഗണനക്കെത്തിയത്. നേരത്തെ ഓര്‍ഡിനന്‍സ് എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് ഓര്‍ഡിനന്‍സ് അംഗീകരിച്ചതിന് ശേഷം നടന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാജന് അറിയിക്കുകയായിരുന്നു. തര്‍ക്കത്തില്‍ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നറിയിച്ചെങ്കിലും ചര്‍ച്ച നടന്നിട്ടില്ല. ഇന്ന് വീണ്ടും വിഷയം മന്ത്രിസഭാ പരിഗണനയില്‍ വന്നപ്പോഴാണ് സിപിഐ എതിര്‍പ്പ് അറിയിച്ചത്.