മലപ്പുറം: ദേശീയ പണിമുടക്കിനിടെ തിരൂരില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. തിരൂര്‍ സ്വദേശി യാസറിനെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗിയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുപത്തിയഞ്ചോളം പേര് ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചതായി യാസര്‍ പറഞ്ഞു. എസ്.ടി.യു, സി.ഐ.ടി.യു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മര്‍ദ്ദിച്ചു. കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തതായി യാസര്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. തിരുവനന്തപുരത്ത് ആര്.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്. ചില സ്ഥാപനങ്ങളില്‍ ജോലിക്ക് എത്തിയവരെ സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. കാട്ടാക്കടയില്‍ സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരം പ്രാവചമ്പലത്ത് മണിക്കൂറുകളോളമാണ് സമരക്കാര്‍ വാഹനങ്ങള്‍ മുഴുവന്‍ തടഞ്ഞ് തിരിച്ചയച്ചത്. കോഴിക്കോട് മാവൂര്‍ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡിലും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഷിബിജിത്തിന്റെ ഓട്ടോയുടെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു.