തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ സ്തംഭിച്ച് സംസ്ഥാനം. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. തിരുവനന്തപുരത്ത് ആര്.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്. ചില സ്ഥാപനങ്ങളില്‍ ജോലിക്ക് എത്തിയവരെ സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ കുടുങ്ങിയ യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ പൊലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം വാഹനങ്ങളുമായി എത്തി ആര്.സി.സിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും പോകേണ്ടവരെ സഹായിക്കുന്നുണ്ട്. ചുരുക്കം ചില ടാക്സികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പണിമുടക്ക് പൂര്‍ണമാണ്. അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. ദ്വിദിന ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് നേരത്തെ തന്നെ സംഘടനകള്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങള്‍ രാവിലെ ചിലയിടങ്ങളില്‍ ഓടുന്നുണ്ട്. തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്.