കെ.എസ്.ആര്‍.ടി.സി.യില്‍ ഡീസല്‍ക്ഷാമം; നാളെ 75 ശതമാനം ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു; യാത്രാക്ലേശം രൂക്ഷമാകും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനവ്യാപകമായി ഇന്ന് മാത്രം പകുതിയോളം സര്‍വ്വീസുകള്‍ റദ്ദാക്കി. അതേസമയം നാളെ 75 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് ശതമാനം സര്‍വ്വീസുകള്‍ മാത്രമേ നടത്തൂ എന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

വന്‍ തുക കുടിശ്ശിക ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി അടയ്ക്കാനുള്ള പശ്ചാത്തലത്തില്‍ ഡീസല്‍ നല്‍കാനാവില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിരുന്നു. 135 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. സര്‍ക്കാരിനോട് അടിയന്തര സഹായമായി 20 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ലഭിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

കൊട്ടാരക്കര ഡിപ്പോയില്‍ മാത്രം 33 ഓര്‍ഡിനറി സര്‍വ്വീസുകള്‍ ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു. കൊല്ലം, പുനലൂര്‍, പത്തനാപുരം, അടൂര്‍, ആയൂര്‍, പാരിപ്പള്ളി, ചെയിന്‍ സര്‍വ്വീസുകളും മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു. പലയിടത്തും ബസ് സര്‍വ്വീസുകള്‍ മുടങ്ങിയത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡിന്‍ പ്രതിഷേധിച്ചു. വരും ദിവസങ്ങളില്‍ ഇന്ധനപ്രതിസന്ധി പരിഹരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം.