കൊച്ചി: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ജാമ്യഹർജി നൽകിയത്.
തങ്ങൾക്കെതിരെ പോലീസ് വധശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇവർ ജാമ്യ ഹർജിയിൽ പറയുന്നു. എയർക്രാഫ്റ്റ് ആക്ടിലെ വിവിധ വകുപ്പുകളും ചേർത്തു. സാധാരണ യാത്രക്കാരായാണ് തങ്ങൾ യാത്ര തിരിച്ചത്. വിമാനത്തിന്റെ വാതിൽ തുറന്നശേഷം രണ്ട് തവണ മുദ്രാവാക്യം മുഴക്കി. തങ്ങൾ വിമാനത്തിന്റെ മുന്നിലാണ് ഇരുന്നത്. മുഖ്യമന്ത്രി പിന്നിലും. തങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.
ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്മാനുമാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചത്. ജയരാജൻ തങ്ങളെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു. എന്നാൽ തങ്ങളെ ആക്രമിച്ചിട്ടും ജയരാജനെതിരെ കേസെടുത്തിട്ടില്ലെന്നും ഇവർ ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി ഇന്ന്തന്നെ പരിഗണക്കണമെന്നും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ അഭിഭാഷൻ ആവശ്യപ്പെട്ടു.