കാലവര്‍ഷം എത്തേണ്ട സമയം കഴിഞ്ഞിട്ടും സംസ്‌ഥാനത്ത്‌ വേണ്ടത്ര മഴ ലഭിക്കാത്തതില്‍ ആശങ്ക

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ കാലവര്‍ഷം എത്തേണ്ട സമയം കഴിഞ്ഞിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതില്‍ കടുത്ത ആശങ്ക. കാലവര്‍ഷം എത്തുമെന്ന്‌ പ്രവചിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ച മഴയില്‍ 61 ശതമാനത്തോളം കുറവുണ്ടായെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

  1. 2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത്‌ ഇതുവരെ കിട്ടിയത്‌ 71.5 മില്ലീമീറ്റര്‍ മാത്രം.

അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴയുണ്ടാകുന്നത്‌ വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്‌തിപ്പെടുമെന്നതിന്റെ സൂചനയാണെന്നും വിദഗ്‌ധര്‍ പറയുന്നു. കാറ്റിന്റെ ഗതി ശക്‌തിപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന പ്രതീക്ഷയാണ്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രവും വച്ചുപുലര്‍ത്തുന്നത്‌. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ ശക്‌തമായ മഴ ലഭിക്കുമെന്നാണു കാലാവസ്‌ഥാ പ്രവചനം. ഈ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഇതേവരെ സംസ്‌ഥാനത്ത്‌ കിട്ടിയത്‌ ദുര്‍ബലമായ കാലവര്‍ഷമാണെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ്‌ ഇത്തവണ ഇതുവരെ രേഖപ്പെടുത്തത്‌. കാസര്‍ഗോഡ്‌, പാലക്കാട്‌ ജില്ലകളില്‍ മഴയുടെ അളവില്‍ 85 ശതമാനം കുറവാണ്ടായി. ഒന്‍പത്‌ ജില്ലകളില്‍ മഴയുടെ അളവ്‌ തീരെ കുറവാണ്‌. 27 ശതമാനം കുറവ്‌ മഴ ലഭിച്ച പത്തനംതിട്ടയാണ്‌ ഇതില്‍ ഭേദം.പ്രതീക്ഷിച്ചതിലും രണ്ടു ദിവസം നേരത്തേ കാലവര്‍ഷമെത്തിയെങ്കിലും മഴ മേഘങ്ങള്‍ക്കു കരയിലേക്ക്‌ എത്താന്‍ വേണ്ട കാറ്റ്‌ ലഭിക്കാത്തതാണ്‌ മഴ കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

പടിഞ്ഞാറന്‍ കാറ്റ്‌ ദുര്‍ബലമായതിനാല്‍ തുടര്‍ച്ചയായി മഴമേഘങ്ങള്‍ കരയിലേക്ക്‌ എത്തുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ്‌ കാലവര്‍ഷം ദുര്‍ബലമായതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. വരണ്ട കാറ്റ്‌ മണ്‍സൂണ്‍ കാറ്റുമായി ചേരുമ്പോഴാണ്‌ മഴമേഘങ്ങള്‍ ദുര്‍ബലമാകുന്നത്‌. പതിനാലോടെ സ്‌ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ്‌ കാലാവസ്‌ഥാ പ്രവചനം.