
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരു ചെള്ള് പനി മരണം കൂടി. പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് ചെള്ള് പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറിനാണ് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കൊപ്പം ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് പത്തിന് മെഡിക്കല്‍ കോളജില്‍ സുബിതയെ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഈയാഴ്ച ചെള്ള് പനി മൂലം തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. വര്‍ക്കല സ്വദേശിയായ അശ്വതി (15)യാണ് മൂന്ന് ദിവസം മുന്‍പ് മരിച്ചത്. കുട്ടിയുടെ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചു. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകുന്ന ചെള്ളുകളാണ് സാധാരണ ചെള്ളുപനിക്ക് കാരണമാകാറുള്ളത്.
ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.