കൊച്ചി: കലൂരിൽ സോളിഡാരിറ്റി സംസ്ഥാന സമ്മേളന വേദിക്കരികിൽ നടന്ന വെടിവെയ്പ്പിൽ അഭിഭാഷകന് പരിക്ക്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. സോളിഡാരിറ്റി സംസ്ഥാന സമ്മേളനം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്രൂ സ്റ്റേഡിയത്തിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അഡ്വ. അജ്മൽ അലി (29) ക്കാണ് വെടിയേറ്റത്.
ദൃക്സാക്ഷികൾ നൽകുന്ന വിവര പ്രകാരം അഞ്ച് യുവാക്കളാണ് തോക്കുമായി എത്തിയത്. സമ്മേളനം കഴിഞ്ഞ് പോകുന്നവരടക്കം നിരവധി പേർ സ്റ്റേഡിയത്തിലുള്ളപ്പോൾ ഇവർ പലതവണ വെടി ഉതിർക്കുകയായിരുന്നു. ഇതിനിടെ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അജ്മൽ അലിക്ക് തലക്ക് വെടി ഏറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. കണ്ണിന് മുകളിലായാണ് വെടിയേറ്റത്. അജ്മലിന് വെടിയേറ്റതോടെ അഞ്ചംഗ സംഘം ചിതറി ഓടി.
വെടി ഉതിർക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘത്തിലെ ഒരാൾ വൈപ്പിൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാരിവട്ടം പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
കഴിഞ്ഞ ഏപ്രിൽ 24നും വെടിവെയ്പ്പും വടിവാൾ വീശും നടന്നിരുന്നു. അന്ന് പാലരിവട്ടം പോലീസ് ഏറെ പണിപ്പെട്ടാണ് യുവാക്കളെ വിരട്ടി ഓടിച്ചത്. സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ രാത്രി 12 മണിക്ക് അടയ്ക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ വീണ്ടും പഴയപടിയായെന്ന് നാട്ടുകാർ പറയുന്നു.