ന്യൂഡെൽഹി: ഭാഷാ വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണെന്നും ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നു. എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ട്. ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്.വൻവിജയം നേടിയെങ്കിലും ബിജെപി ലക്ഷ്യത്തിലെത്തിയിട്ടില്ല. ബിജെപി പ്രവർത്തകർ വിശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. അതു സഫലമാക്കണം. എൻഡിഎ സർക്കാർ ഈ മാസം എട്ട് വർഷം തികയ്ക്കും.കഴിഞ്ഞ വർഷങ്ങളിൽ രാഷ്ട്രത്തെ സേവിക്കുകയും സാമൂഹിക നീതിയും സുരക്ഷയും ഉറപ്പാക്കി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തുകയും ചെയ്തു.അടുത്ത 25 വർഷം ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വർഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയമാണിത്. സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ സ്വപ്നം സാക്ഷാത്കരിക്കും. അതുവരെ വിശ്രമമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.