
കൊച്ചി: തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിയായി എ എൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. എഎൻ രാധാകൃഷ്ണൻ തന്നെയായിരിക്കും തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബിജെപിക്ക് മണ്ഡലത്തിൽ വിജയപ്രതീക്ഷയിലെങ്കിലും പരമാവധി വോട്ട് സമാഹരിക്കുക എന്ന ദൗത്യമാണ് സീനിയർ നേതാവ് കൂടിയായ രാധാകൃഷ്ണനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ബിജെപിയുടെ മനോവീര്യം കെടുത്തുന്നതായിരുന്നു. നേരത്തേ കൈയ്യിലുണ്ടായിരുന്ന നേമം നഷ്ടമായതിനൊപ്പം അനുകൂല സാഹചര്യം ഉണ്ടായിട്ടും നേട്ടമുണ്ടാക്കാൻ കഴിയാത്തത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.
പാർട്ടിയിലെ ഗ്രൂപ്പിസം കാരണം സംസ്ഥാനത്തെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. എന്നാൽ കഴിഞ്ഞ പരാജയത്തിന് ശേഷം വിവിധ ഗ്രൂപ്പുകൾ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായിട്ടുണ്ട്. ഇനി ഐക്യമില്ലാതെ നിലനിൽപ്പില്ലെന്ന് നേതാക്കൾ മനസിലാക്കി കഴിഞ്ഞു. അതുകൊണ്ട് തൃക്കാക്കരയിൽ സ്ഥാനാർഥി നിർണയം ഏറ്റുമുട്ടലിലേക്ക് പോയില്ല.