
ഭോപാൽ:ഡി ജെ പാർട്ടിക്കിടെ പതിനെട്ടുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് ഉജ്ജയിൻ സ്വദേശി ലാൽ സിങ് എന്ന യുവാവ് മരിച്ചത്. ഡി ജെ പാർട്ടിയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. താജ്പൂറിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിനിടെയായിരുന്നു മരണം. വിഡിയോ എടുത്തും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാർട്ടി ആസ്വദിക്കുകയായിരുന്നു ലാൽ. ഇതിനിടെ അപ്രതീക്ഷിതമായി ലാൽ ബോധരഹിതനായി നിലത്ത് വീണു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി.ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയത്തിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹൃദയത്തിൽ രക്തം കട്ടപിടിച്ച് ക്ലോട്ട് രൂപപ്പെടാൻ കാരണം ഉച്ചത്തിലുള്ള ശബ്ദമാണെന്ന് ഉജ്ജെയിൻ ആശുപത്രിയിലെ ഡോ. ജിതേന്ദർ ശർമ്മ പറഞ്ഞു. ഡി ജെ അല്ലെങ്കിൽ മറ്റേതെങ്കിലും വലിയ ശബ്ദ സംവിധാനത്തിൽ നിന്ന് ഉച്ചത്തിൽ സംഗീതം കേൾക്കുമ്പോൾ, അത് ശരീരത്തിൽ അസാധാരണമായ പ്രതികരണങ്ങൾക്ക് കാരണമാകുമെന്നാണ് ഡോക്ടർ പറയുന്നത്. ഒരു നിശ്ചിത അളവിന് മുകളിലുള്ള ശബ്ദം മനുഷ്യർക്ക് ഹാനികരമാകുമെന്നും ഹൃദയം, തലച്ചോറ് തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.