കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നുവെന്ന്
പി ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ്. നടിയെ ആക്രമണ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഉമാ തോമസ്. ഏകദിന ഉപവാസ സമരം നടക്കുന്ന എറണാകുളം ഗാന്ധി സ്‌ക്വയറിലെത്തിയാണ് ഉമാ തോമസ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
സത്യസന്ധമായാണ് പി ടി തോമസ് കേസില്‍ ഇടപെട്ടതെന്ന് ഉമ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസം പുലര്‍ച്ചെ പി ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദ്ദം താന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഉമ ഓര്‍മ്മ പങ്കുവെച്ചു.
‘നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി ടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദ്ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. ആ കേസിന് വേണ്ടി അത്രമാത്രം സത്യസന്ധതയോടെയാണ് അദ്ദേഹം പോരാടിയത്.
കേസിൽ പൊലീസിലെ അഴിച്ചുപണി പ്രതികള്‍ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു. പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ സുഹൃത്തുകള്‍ ഒരു നെടുംതൂണായി നിന്ന് അതേ കാര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍ അതിന് ഐക്യഗാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മാത്രമാണ് ഇവിടെ എത്തിയത്.’ ഉമാ തോമസ് പറഞ്ഞു.