ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിലേക്ക് മൂന്നു ദിവസത്തെ സന്ദർശത്തിന് മേയ് രണ്ടിനു പുറപ്പെടും. ജർമനി, ഡെന്മാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യം ജർമനിയും പിന്നീട് ഡെന്മാർക്കും സന്ദർശിക്കുന്ന അദ്ദേഹം മേയ് നാലിന് മടക്കയാത്രയിൽ ഫ്രാൻസിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഡെന്മാർക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പങ്കെടുക്കും.
ജർമനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. രാജ്യങ്ങളിലെ സന്ദർശനം വിശാലമായ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കും.