ന്യൂഡെൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ചാനലുകളാണ് സർക്കാർ പൂട്ടിച്ചതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
10 ഇന്ത്യൻ ചാനലുകൾക്കും ആറ് പാകിസ്താൻ ചാനലുകൾക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി. ഈ ചാനലുകൾക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുക, സാമുദായിക പൊരുത്തക്കേടുകൾ ഉണ്ടാക്കുക, ക്രമസമാധാന നില തകർക്കുക എന്നീ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പ്രസ്തുത ചാനലുകളെ നിരോധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
‘രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങൾ, സാമുദായിക സൗഹാർദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂൾ 18 പ്രകാരം ഈ ഡിജിറ്റൽ വാർത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയിരുന്നില്ല.
ചില ഇന്ത്യൻ ചാനലുകൾ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തിൽ ഒരു സമുദായത്തെ ഭീകരസ്വഭാവമുള്ളതായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു’– മന്ത്രാലയം വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം ഏപ്രിൽ അഞ്ചിന് 22 യൂട്യൂബ് ചാനലുകളും ജനുവരിയിൽ 35ഓളം ചാനലുകളും സർക്കാർ നിരോധിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി 55 യു ട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലുകൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ പ്രഖ്യാപിച്ചിട്ടുള്ളത്.
വിലക്കേർപ്പെടുത്തിയ ചാനലുകൾ:
ഇന്ത്യൻ ചാനലുകൾ
സൈനി എജ്യുക്കേഷൻ റിസർച്ച്
ഹിന്ദി മെയിൻ ദേഖോ
ടെക്നിക്കൽ യോഗേന്ദ്ര
ആജ് തെ ന്യൂസ്
എസ്.ബി.ബി ന്യൂസ്
ഡിഫൻസ് ന്യൂസ് 24*7
ദ് സ്റ്റഡി ടൈം
ലേറ്റസ്റ്റ് അപ്ഡേറ്റ്
എം.ആർ.എഫ് ടി.വി ലൈവ്
തഹാഫുസ്–ഇ–ദീൻ–ഇന്ത്യ
പാകിസ്താൻ ചാനലുകൾ
ആജ്തക് പാകിസ്താൻ
ഡിസ്കവർ പോയിന്റ്
റിയാലിറ്റി ചെക്സ്
കൈസർ ഖാൻ
ദ് വോയിസ് ഓഫ് ഏഷ്യ
ബോൽ മീഡിയ ബോൽ