ഓഫീസില്‍ ഗ്രൂപ്പിസം, ഒറ്റപ്പെട്ടു; മാനസിക പീഡനം നേരിട്ടെന്ന് സിന്ധുവിന്റെ ഞെട്ടിപ്പിക്കുന്ന ഡയറി കുറിപ്പ്

വയനാട്: സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടതായി സിന്ധുവിന്റെ ഞെട്ടിപ്പിക്കുന്ന ഡയറി കുറിപ്പ്. ആത്മഹത്യ ചെയ്ത മാനന്തവാടി ആര്‍ ടി ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു.

ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരില്‍ ചിലരുടെ പേരുകള്‍ ഡയറിയിലുണ്ട്. എന്നാല്‍ ഈ കാര്യങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായി പരിശോധിക്കും.

ആത്മഹത്യ ചെയ്യുന്നതിന് സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുമ്പ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. ഓഫീസില്‍ ഗ്രൂപ്പിസമുണ്ടെന്നും ഓഫീസില്‍ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്.

അതേസമയം കൈക്കൂലി വാങ്ങുന്നതിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മറ്റുജീവനക്കാര്‍ ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാതെ വന്നതോടെയാണ് സിന്ധു ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ സിന്ധുവിന്റെ സഹോദരന്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ മാനന്തവാടി സബ് ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.