കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു; ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി-സിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ബസുകള്‍ സര്‍വീസുകള്‍ ആരംഭിക്കും. കെഎസ്ആര്‍ടിസി-സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കും. www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വീസുകളില്‍ ഓണ്‍ലൈന്‍ വഴി സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും.

ഇന്ന് 5 മണിക്ക് റിസര്‍വേഷന്‍ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പര്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കാകും ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക. തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വീസുകള്‍ ഇടുന്ന മുറയ്ക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും കൂടുതല്‍ സര്‍വീസുകള്‍ ഓരോ ദിവസവും ഓണ്‍ലൈനില്‍ നല്‍കുകയും ഏപ്രില്‍ 30ന് ഇത്തരത്തില്‍ 100 ബസുകളുടെ റിസര്‍വേഷന്‍ ലഭ്യമാവുകയും ചെയ്യും. ഈ ബസുകളില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക.