കെവി തോമസിനെ വിലക്കിയത് തന്നെ വെടിവെച്ച് കൊല്ലാന്‍ ആളെകൂട്ടിപ്പോയവന്‍; കാത്തിരുന്ന് കാണാമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെവി തോമസിനെ വിലക്കിയത് തന്നെ വെടിവെച്ച് കൊല്ലാന്‍ ആളെകൂട്ടിപ്പോയവനെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഇപി ജയരാജന്‍ കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞു. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലെ കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂയെന്ന് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി തോമസ് പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെവി തോമസുമായി സംസാരിച്ചപ്പോള്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. കെവി തോമസ് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തില്‍ സിപിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎമ്മുമായി കൈ കൊടുക്കാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെവി തോമസ് ഇന്ന് രാവിലെ 11ന് കൊച്ചിയിലെ വസതിയില്‍ മാധ്യമങ്ങളെ കാണും. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്.