ശ്രീലങ്കയിൽ പട്ടാളവും പോലീസും കൊമ്പുകോർത്തു

കൊളംബോ: കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള പ്രക്ഷോഭം ശക്തമാകുന്നതിനിടെ ശ്രീലങ്കയിൽ പട്ടാളക്കാരും പോലീസുകാരും തമ്മിൽ കൊന്പു കോർത്തു. പാർലമെന്‍റിനു സമീപം നടന്ന പ്രതിഷേധത്തിനിടയിലേക്കു ബൈക്കിലെത്തിയ പട്ടാളം സംഘം ഇരച്ചുകയറിയതാണ് പോലീസും പട്ടാളക്കാരും തമ്മിലുള്ള വാക്പോരിനു കാരണമായത്.

സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ളവർ പങ്കെടുത്തുകൊണ്ടിരുന്ന പ്രകടനത്തിന് ഇടയിലേക്കാണ് റൈഫിളുകളുമായി ഒരു സംഘം പട്ടാളക്കാർ ബൈക്കുകളിൽ എത്തിയത്. പോലീസുകാർ ഇവരെ തടയാൻ ശ്രമിച്ചു. ഇതു വാക്കേറ്റത്തിന് ഇടയാക്കി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്താൻ കരസേനാ മേധാവി ശവേന്ദ്ര സിൽവ ഉത്തരവിട്ടു.

കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിയുന്നതിനിടെ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയ്ക്കും കുടുംബത്തിനുമെതിരേയുള്ള പ്രതിഷേധവും ശക്തിപ്രാപിക്കുകയാണ്. മിക്ക സർക്കാർ പ്രമുഖരുടെയും വസതികൾ പ്രക്ഷോഭകർ വളഞ്ഞു. മന്ത്രിമാർ എല്ലാവരും രാജിവച്ചെങ്കിലും ഗോത്തബയയുടെ സഹോദരൻ മഹിന്ദ രജപക്സെ പ്രധാനമന്ത്രിപദം രാജിവച്ചിരുന്നില്ല.

സംയുക്ത ഭരണത്തിനായി പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു. രജപക്സെ കുടുംബാംഗങ്ങൾ എല്ലാവരും ഭരണം വിടണമെന്ന ആവശ്യമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിരിക്കുന്നത്. ഭരണ സംഖ്യത്തിലുണ്ടായിരുന്ന ചില കക്ഷികളും ഈ നിലപാടിലേക്ക് എത്തിയത് രജപക്സെ കുടുംബത്തിനു കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

ഇതിനിടെ, പുതുതായി സത്യപ്രതിജ്ഞ ചെയ്ത നാലു മന്ത്രിമാരിൽ ധനമന്ത്രി അലി സബ്രി 24 മണിക്കൂറിനകം രാജിവച്ചതോടെ രജപക്സെ സർക്കാർ കൂടുതൽ ദുർബലമായി. 42 എംപിമാർ പിന്തുണ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

അവശ്യ മരുന്നുകളുടെ അടക്കം ക്ഷാമം നേരിടുന്ന രാജ്യം കടുത്ത പ്രതിസന്ധിയിൽ ഉഴലുകയാണ്. പാരസെറ്റമോളിനു വരെ രാജ്യത്തു ക്ഷാമം നേരിടുകയാണെന്നാണ് റിപ്പോർട്ട്. ഇതിനിടെ, പ്രക്ഷോഭം തടയാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സർക്കാർ പിൻവലിച്ചിട്ടുണ്ട്.