പാക്കിസ്ഥാനിൽ അറസ്റ്റ് ഭയന്ന് ഇമ്രാന്‍റെ അടുപ്പക്കാരായ പ്രമുഖർ രാജ്യം വിടുന്നു

ലാഹോർ: പാക്കിസ്ഥാനിൽ അറസ്റ്റ് ഭയന്ന് ഇമ്രാന്‍റെ അടുപ്പക്കാരായ പ്രമുഖർ രാജ്യം വിടുന്നു. പുതിയ സർക്കാർ അധികാരമേറ്റാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന സൂചനകളെത്തുടർന്നാണിത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മൂന്നാം ഭാര്യ ബുഷ്റ ബീബിയുടെ അടുത്ത സുഹൃത്ത് ഫറാ ഖാനാണ് ഏറ്റവുമൊടുവിൽ രാജം വിട്ടത്. ഇവരുടെ ഭർത്താവ് അഹ്സൻ ജമിൽ ഗുജ്ജാർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു.

ഞായറാഴ്ച ഫറാ ദുബായിലേക്കു പോയതായി ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥരെ അവരുടെ ഇഷ്ടത്തിനനുസരിച്ചു സ്ഥലം മാറ്റുന്നതിലൂടെയും നിയമിക്കുന്നതിലൂടെയും ഫറാ ഖാൻ കോടികൾ കൈക്കൂലി വാങ്ങി എന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ അഴിമതികളുടെയും മാതാവ് എന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 320 ലക്ഷം യുഎസ് ഡോളറിന്‍റെ അഴിമതിയാണ് നടന്നതെന്ന് ഇവർ ആരോപിക്കുന്നു.

ഇമ്രാന്‍റെയും ഭാര്യയുടെയും നിർദേശപ്രകാരമാണ് ഫറ ഈ അഴിമതി നടത്തിയതെന്നു പാകിസ്ഥാൻ മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്‍റും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളുമായ മറിയം നവാസ് പറയുന്നു. അധികാരത്തിൽനിന്നു പുറത്തായാൽ ഈ അഴിമതികളെല്ലാം വെളിച്ചത്തു വരുന്നതുകൊണ്ടാണ് ഇമ്രാൻ അധികാരം വിടാൻ മടിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

പാക് പഞ്ചാബിൽ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ മുഖേന കോടിക്കണക്കിന് രൂപയുടെ കൈമാറ്റങ്ങളും പോസ്റ്റിംഗുകളും ഫറ നടത്തിയതായി ആരോപിച്ചു അടുത്തിടെ പുറത്താക്കപ്പെട്ട പഞ്ചാബ് ഗവർണർ ചൗധരി സർവാറും ഖാന്‍റെ പഴയ സുഹൃത്തും പാർട്ടി ധനസഹായകനുമായിരുന്ന അലിം ഖാനും രംഗത്തുവന്നിരുന്നു.

ഇമ്രാൻ ഖാന്‍റെ പിടി അയഞ്ഞു തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ അടുപ്പക്കാരായി നിന്ന പലരും രാജ്യം വിട്ടു തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ തങ്ങൾക്കെതിരേ നടപടിയുണ്ടാകുമെന്നു പേടിച്ചാണ് ഈ രക്ഷപ്പെടൽ. തനിക്കെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളിയതിനു പിന്നാലെ ഖാൻ ഞായറാഴ്ച പാർലമെന്‍റ് പിരിച്ചുവിട്ടിരുന്നു.

പ്രധാനമന്ത്രിയെ പുറത്താക്കാൻ സംയുക്ത പ്രതിപക്ഷം ഞായറാഴ്ച പാർലമെന്‍റിൽ 197 നിയമസഭാംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിരുന്നു. ആവശ്യമുള്ളതിനേക്കാൾ 25 എണ്ണം കൂടുതൽ. എന്നാൽ, ഡപ്യൂട്ടി സ്പീക്കർ അവിശ്വാസത്തിന് അനുമതി നൽകിയില്ല.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതു വരെ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്‍റ് ആരിഫ് അലി, ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു.